08:30am 10 November 2026
NEWS
സംസ്ഥാനത്തെ ആശ്രയിക്കേണ്ട, രാജ്ഭവൻ ചെലവുകൾ കേന്ദ്രം ഏറ്റെടുക്കും
21/06/2025  11:02 AM IST
സുരേഷ് വണ്ടന്നൂർ
സംസ്ഥാനത്തെ ആശ്രയിക്കേണ്ട, രാജ്ഭവൻ ചെലവുകൾ കേന്ദ്രം ഏറ്റെടുക്കും

തിരുവനന്തപുരം: രാജ്ഭവനുകളുടെ പ്രവർത്തനച്ചെലവുകൾക്കായി സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഗവർണറുടെ അലവൻസ്, യാത്ര, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അതിഥി സൽക്കാരം, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. ഈ ചെലവുകളെല്ലാം ഏറ്റെടുത്ത് രാജ്ഭവനുകളെ പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിലാക്കാനാണ് നീക്കം.

ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ രാജ്ഭവനുകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചിരുന്നു. കേരളത്തിൽ വിഹിതം ലഭിക്കുന്നതിന് രാജ്ഭവൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ട അവസ്ഥയാണുള്ളത്. നേരത്തെ കേന്ദ്രം വിളിച്ചു ചേർത്ത യോഗത്തിൽ ചെലവുകൾ ഏറ്റെടുക്കണമെന്ന് ഗവർണർമാർ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ രാജ്ഭവനിലെ 11 അക്കൗണ്ടുകളിൽ എട്ടെണ്ണവും ഗവർണറുടെ ചെലവുകൾക്കുള്ളതാണ്. ഈ അക്കൗണ്ടുകളിലേക്കുള്ള വിഹിതം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിക്കുന്നുണ്ടെങ്കിലും പണം അനുവദിക്കുന്നത് സംസ്ഥാനമാണ്. ജീവനക്കാരുടെ ശമ്പളത്തിനും ദൈനംദിന ചെലവുകൾക്കുമുള്ള മൂന്ന് അക്കൗണ്ടുകളിലേക്കും പണം നൽകുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. രാജ്ഭവനായി 12.95 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് (2023-24) യാത്രാചെലവ് 1.18 കോടിയിലേറെയായിരുന്നു. അന്ന് 12.52 കോടി രൂപയുടെ ബജറ്റ് വിഹിതത്തിന് പുറമെ 2.19 കോടി രൂപ അധികമായി കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. സന്നദ്ധ സംഘടനകൾക്ക് ഗവർണർക്ക് ഇഷ്ടാനുസരണം നൽകാനായി 25 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. 2020-21ൽ 13.5 ലക്ഷം രൂപ ഇങ്ങനെ ചെലവിട്ടിരുന്നു. അടുത്തിടെ ആർ.വി. ആർലേക്കർ രണ്ട് സംഘടനകൾക്ക് പണം അനുവദിച്ചിരുന്നു.

വിഹിതം 30% കൂട്ടണമെന്ന് ആവശ്യം:

1997ൽ നിശ്ചയിച്ച ആനുകൂല്യങ്ങളാണ് നിലവിൽ ഗവർണർമാർക്ക് ലഭിക്കുന്നത്. ചെലവിന് ആനുപാതികമായി 30 ശതമാനം വിഹിതം കൂട്ടണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വിമാനയാത്രാക്കൂലി കൂടുതലാണെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.

മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ:

 * ബംഗാൾ: രാജ്ഭവനുള്ള വിഹിതം 50% വെട്ടിക്കുറച്ചു. 53.5 ലക്ഷം രൂപ അധികവിഹിതത്തിനുള്ള ശുപാർശ തള്ളി.
 * തമിഴ്നാട്: ഗവർണർക്ക് ഇഷ്ടപ്രകാരം ചെലവഴിക്കാവുന്ന ഫണ്ട് 5 കോടിയിൽ നിന്ന് 3 കോടിയാക്കി കുറച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img